Pages

Subscribe:

Ads 468x60px

Featured Posts

9.05.2016

                   ചായ മക്കാനി

നാട്ടിടവഴികളിൽ നാലുകാലിൽ ഓല തീർത്ത സൗഹൃദ കെട്ടുകൾ..
തുരുമ്പെടുത്ത പാത്രങ്ങളും 
തുരുമ്പിനെ വെല്ലി വെട്ടിത്തിളങ്ങുന്ന ചില്ലു കുപ്പികളും
സങ്കടങ്ങൾ സന്തോഷങ്ങൾ ആവലാതികൾ 
പിന്നെ
ബഡായികൾ കേട്ടു മുഷിഞ്ഞ ഓല ചുവരുകൾക്കുള്ളിൽ
ബീഡി പുക തട്ടി 
മുഖം മങ്ങിയ അക കാഴ്ചകൾ
എല്ലാം സഹിച്ചും പിന്നെയും 
പതഞ്ഞുരയുന്ന കട്ടൻ ചായകൾ!!!

4.26.2015

നുറുങ്ങ്


ചിതലരിച്ച മോഹങ്ങൾതൻ ആത്മാവിൽ സ്വപ്നം കൊണ്ട് ചായം പൂശലത്രേ ജീവിതം...



4.07.2012

പടികടത്തപ്പെടുന്ന മാത്രുത്വങ്ങള്‍

പ്രഭാത സുന്ദര പ്രകൃതിയെ കുളിരണിയിചുകൊണ്ട് പുലര്‍ച്ചെ തുടങ്ങിയ മഴയാണ്..ശക്തിയൊന്നു കുറഞ്ഞിട്ടുണ്ടെങ്കിലും ചാറ്റല്‍ ഇപ്പോഴും നിന്നിട്ടില്ല. ടെറസ്സില്‍ നിന്നും ഉറ്റി വീഴുന്ന മഴത്തുള്ളികള്‍ മണ്ണില്‍ ചിത്രം വരക്കുന്നു.
"രാവിലെതന്നെ നല്ല മഴയാണല്ലോടി"   ചായ കപ്പുമായി ഉമ്മറത്തേക്ക് വരുന്നതിനിടെ അകത്തേക്ക് നോക്കികൊണ്ടയാള്‍ പറഞ്ഞു.  ശേഷം കസേരയിലിരുന്നു പത്രമെടുത്ത് നിവര്‍ത്തി ചായയും വാര്‍ത്തയും ഊതിക്കുടിക്കാന്‍ തുടങ്ങി.
"മോന്‍ എണീട്ടില്ല്യോടി?"     അടുക്കളയിലേക്കു നോക്കികൊണ്ടയാള്‍ ചോദിച്ചു.
"എണീറ്റുഏട്ടാ"  അടുക്കളയില്‍ നിന്നും പ്രിയതമയുടെ മറുപടി വന്നു.
തണുത്ത കാറ്റ് വീശിയടിക്കുന്നു..കൂടെ നനഞ്ഞ മണ്ണിന്‍റെ ഗന്ധവും.  അല്‍പ സമയത്തെ വായന മതിയാക്കി മുറ്റത്ത്‌ ഉറ്റിവീണു ചിതറുന്ന മഴത്തുള്ളികളില്‍ നോക്കിയിരുന്നു അയാള്‍. മനസ്സ് ഓര്‍മകളിലേക്ക് ഊളിയിടാന്‍ തുടങ്ങി. വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ആ മഴക്കാലം..അമ്മയുടെ കയ്യിലും തൂങ്ങി സ്കൂളില്‍ പോയിരുന്ന പ്രായം. അപ്രതീക്ഷിതമായി മഴ വരുമ്പോള്‍ അമ്മയുടെ ദേഹത്തേക്ക് ചേര്‍ത്തുപിടിച്ചു അമ്മ നനഞ്ഞാലും താന്‍ ഒരു തുള്ളിയെങ്കിലും നനയാതിരിക്കാന്‍ അമ്മകാണിച്ച ആ സ്നേഹം..തന്നെയൊരു ഉറുമ്പ് കടിച്ചാല്‍, എനിക്കൊന്നു വേദനിച്ചാല്‍,   വാടുന്ന അമ്മയുടെ മുഖം..ഓര്‍മകളുടെ തീരത്ത് നില്‍ക്കവേ അയാള്‍ ആ പഴയ സ്കൂള്‍കുട്ടിയായി മാറി.
എന്നിട്ടും ഞാന്‍.. ഇത്ര ക്രൂരമാണോ എന്‍റെ മനസ്സ്..
"അച്ഛാ"..   മകന്‍റെ ആ വിളി കേട്ടാണ് അയാള്‍ ചിന്തകളില്‍നിന്നും മുക്തനായത്.  അവന്‍ വന്നു അയാളുടെ മടിയില്‍ കയറിയിരുന്നു.
" ഇനിയെന്നാ നമ്മള്‍ അമ്മൂമ്മയുടെ അടുത്തേക്ക് പോവാ? എനിക്ക് കാണാന്‍ കൊതിയായി.."    അയാളുടെ മുഖത്തേക്ക് തല ഉയര്‍ത്തിക്കൊണ്ടവന്‍ ചോദിച്ചു.
"അടുത്ത ആഴ്ച പോവാട്ടോ നമുക്ക്..ഒത്തിരിനേരം നില്‍ക്കാം അമ്മൂമ്മയുടെ അടുത്ത്.."  അവന്‍റെ നെറ്റിയില്‍ ചുംബിച്ചുകൊണ്ടയാള്‍ പറഞ്ഞു.
കല്യാണം കഴിഞ്ഞു മകന്‍ ജനിക്കവേ തുടങ്ങിയതാണ് പ്രിയതമയുടെ പരാതി.   " ഇ വീട്ടിലെ മുഴുവന്‍ ജോലികളും പിന്നെ കോച്ചിനെയും തന്നെ നോക്കാന്‍ എനിക്ക് കഴിയുന്നില്ല, അതുകുടാതെ വയസ്സായ അമ്മയുടെ കാര്യങ്ങള്‍ കൂടി നോക്കണം എന്ന് പറഞ്ഞാല്‍ വല്യ കഷ്ടട്ടമാ..മുറുക്കി തുപ്പി വീട് മുഴുവന്‍ വൃത്തികേടാക്കി വെക്കും..അതു വൃത്തിയാക്കാന്‍ തന്നെ ഒരാളുടെ ജോലിയുണ്ട്.. എനിക്കിനി പറ്റുലാട്ടോ..ഏട്ടന്‍ തന്നെ ഒരു വഴി കണ്ടേ പറ്റു " 
ആദ്യമാദ്യം അതിനോന്നിനും ചെവികൊടുതില്ലായെങ്കിലും പിന്നീട് സഹിക്കവയ്യാതായപ്പോ ആ നശിച്ച സമയത്ത് മനസ്സില്‍ തോന്നിയ ചിന്തയാണ്..ഇന്നിപ്പോ അമ്മ വൃദ്ധസദനത്തിലാണ്.
തന്‍റെ മുഖം കാണുമ്പോ വിടരുന്ന അമ്മയുടെ കണ്ണിലെ സന്തോഷം കണ്ടില്ലെന്നു നടിചിട്ടുണ്ട്..ഒരുപാട് തവണ.     ചിന്തകള്‍ മനസ്സിനെ മുറിവേല്പിച്ചുകൊണ്ടിരുന്നു.
"അമ്മൂമ്മയ്ക്ക് നിറയെ ഫ്രൂട്സും ഡ്രെസ്സുമെല്ലാം കൊണ്ട്കൊടുക്കണം ഇനി കാണാന്‍ പോകുമ്പോ..അല്ലെ അച്ഛാ.."
"അതെ..കൊടുക്കണം.." താഴ്ന്ന സ്വരത്തിലയാള്‍ പറഞ്ഞു.
" ഇനി അച്ഛന് വയസ്സാകുമ്പോ ഞാന്‍ ഇതുപോലെ കാണാന്‍ വരുലെ..അപ്പൊ ഞാന്‍ വല്ല്യ ആളായിട്ടുണ്ടാകും..അല്ലെ അച്ഛാ.?" അപ്പൊ ഞാന്‍ എന്തൊക്കെയാ കൊണ്ട് വരേണ്ടേ?  അച്ഛനു എന്താ കൂടുതല്‍ ഇഷ്ടം? "   അവന്‍റെ ചോദ്യം പെട്ടന്നായിരുന്നു.
അയാളുടെ കണ്ണുകളില്‍ ഇരുട്ട് കയറി. ജാലകപ്പാളികള്‍ക്കപ്പുറമെന്നപോലെ അയാളുടെ മനസ്സിലും കാര്‍മേഘം ഇടിച്ചുകുത്തി പെയ്യാന്‍ തുടങ്ങിയിരുന്നു..

**********    **********    **********   **********
ദൈനംദിനം വൃദ്ധസദനങ്ങള്‍ കൂടിക്കൂടി വരുമ്പോള്‍,  മാതൃത്വവും  പിതൃത്വവും സ്നേഹ നിലയമെന്നും , തണല്‍ വീടെന്നും ഓമനപ്പേരിട്ട് വിളിക്കുന്ന ഇത്തരം അനാഥാലയങ്ങളുടെ ചുവരുകളിലേക്ക് മാറ്റിയെഴുതപ്പെടുമ്പോള്‍, സാംസ്കാരിക കേരളമേ ലജ്ജിക്കുക..

1.17.2012

മിഴിനീര്‍ തുള്ളികള്‍

 പച്ചവിരിച്ച വയലേലകളും അവയ്ക്കരികെ കളകള ആരവമുയര്‍ത്തി ഒഴുകുന്ന ചെറുതോടുകളും അവയ്ക്കരികില്‍ മേയുന്ന കാലിക്കൂട്ടവും..  അവയുടെ പുറത്തിരുന്നു കിന്നാരം പറയുന്ന ചെറു കിളികളും പിന്നെ മന്ദമാരുതന്റെ തമാശകേട്ട് തലയാട്ടി ചിരിക്കുന്ന ചെറുമരങ്ങളും , എല്ലാം കൊണ്ടും ഗ്രാമീണ സൌന്ദര്യത്തിന്‍റെ തലയെടുപ്പോടെ നില്‍കുന്ന മലബാറിലെ ഒരു ഉള്‍നാടന്‍ ഗ്രാമം.
  

അകലെ പാടത്തിന്‍റെ ഒരറ്റത്ത്‌ പഴകി നിലംപോത്താറായ ഒരു ഓടു മേഞ്ഞ വീട്. അവിടെ ഉമ്മറത്ത്‌ ചാരുകസേരയില്‍ കാലുനീട്ടിയിരിക്കുന്ന ഗ്രഹനാഥന്‍. ഉച്ച ഭക്ഷണം നല്‍കിയ ഒരു ചെറിയ മയക്കമുണ്ട് അയാളുടെ മുഖത്ത്.
 

"സൈതാലിക്കാ..."  മുറ്റത്ത്നിന്നൊരു വിളി . പരിചയമുള്ള സ്വരമാണ് അയാള്‍ കണ്ണുതുറന്നു.
 

"ഹ ആരിതു മമ്മതോ, വരീ ഇരിക്കി .." അയാള്‍ സ്വാഗതം ചെയ്തു.
ആ നാട്ടിലെ അറിയപ്പെടുന്ന വിവാഹ ദല്ലാളാണ് മമ്മത്.
 

"ഉച്ച മയക്കത്തിലാകും..ലേ?" തന്‍റെ കുട മടക്കി ചാരുപടിയുടെ മൂലയില്‍ വെക്കുന്നതിനിടെ അയാള്‍ ചോദിച്ചു.
 

"ഉറങ്ങിയിട്ടോന്നുമില്ലാ മമ്മതെ..ഓരോന്ന് ആലോചിച്ചു കിടന്നതാ..അല്ലെങ്കിലും ഞാന്‍ മനസ്സമാധാനത്തോടെ ഒന്ന് കണ്ണടച്ചിട്ട് ദിവസം ഒരുപാടായി" ഒരു ദീര്‍ഗ നിശ്വാസത്തോടെ അയാള്‍ പറഞ്ഞു.
 

"ഹേയ് ഇങ്ങളിങ്ങനെ ടെന്‍ഷനടിക്കല്ലി സൈതാലിക്കാ, എല്ലാം ശേരിയാകും, അതിനുള്ള ഒരു കാര്യം പറയാന്‍ കൂടിയാ  ഞാനിപ്പോ വന്നത്. നഫീസാന്‍റെ ജീവിതം ഏതായാലും ഇങ്ങനെയായി എന്നുകരുതി  അവളുടെ താഴെയുള്ളവരുടെ ജീവിതം നമുക്ക്‌ നോക്കാതിരിക്കാന്‍ പറ്റുവോ"   മുറുക്കാന്‍ വായിലേക്ക് തിരുകിക്കൊണ്ടയാള്‍ തുടര്‍ന്നു.. "ഇന്നലേയ്, ഞാന്‍ ആ പാര്‍ട്ടിയെ കണ്ടിരുന്നു , ഹ നമ്മുടെ ഖദീജാക്ക് വേണ്ടിയെ.. മുപ്പതും ഒന്നരയുമാ ചോദിക്കുന്നത്, സൈതാലിക്ക ആയതോണ്ട് ഞാനൊരു ഇരുപത്തഞ്ചില്‍ ഒതുക്കിതരാം..ന്തേയ്? "
 

"മൂത്തവളുടെ കല്യാണതോടുകൂടി ആകെ ഉണ്ടായിരുന്ന വടക്കേ പാടവും കരുതിവെച്ചിരുന്ന കാശും പോയില്ലേ..എന്നിട്ട് അവളുടെ ഗതി ഇങ്ങനെയും..ഇനി ഇ വീടും സ്ഥലവുമല്ലാതെ എന്റെ കയ്യില്‍ ഒന്നുമില്ല...ഇതൊക്കെ അനക്കും അറിയുന്നതല്ലേ മമ്മതെ"
 

"ന്‍റെ സൈതാലിക്കാ അതൊക്കെ നിക്കറിയാവുന്ന കാര്യല്ലേ..എന്ന് കരുതി ഇ പെണ്‍കുട്ടികളെ ജീവിതകാലം മുഴുവന്‍ ഇ കൂരയില്‍ നിര്‍ത്താനാ ഇങ്ങള് കരുതിയേക്കണത് ?"
 

"അല്ല, അതിപ്പോ മമ്മതെ..."
 

"എന്ത് അതിപ്പോ..വീടിന്‍റെയും സ്ഥലത്തിന്റെയും ആധാരം വെക്കണം, കല്യാണത്തിനുള്ള പൈസ കിട്ടും.. പിന്നെ ബാക്കി എവിടുന്നെങ്കിലുമൊക്കെ നമുക്ക്‌ ഒപ്പിക്കാം."
 

"പക്ഷേങ്കില് ആ പൈസ എനിക്ക് തിരിച്ചടയ്ക്കാന്‍ പറ്റിയില്ലെങ്കി?" അയാളുടെ ശബ്ദമിടറി.
 

"ന്‍റെ സൈതാലിക്കാ അതൊക്കെ അപ്പോഴത്തെ കാര്യമല്ലേ..ഇപ്പൊ നമുക്ക് നമ്മുടെ കുട്ട്യോളെ ജീവിതമാണ് വലുത് ..ഇങ്ങള് ഞാന്‍ പറയുന്നത് കേള്‍ക്കി.."
 

"മമ്മതെ, ഞാന്‍ പാടത്തു ചോര നീരാക്കി കിട്ടുന്ന പൈസ ഒരുക്കൂട്ടി വെച്ച് ഉണ്ടാക്കിയതാ ഇത് ..ഇതുകൂടി പോയാ പിന്നെ ഭാര്യയേ൦ കുട്ടികളെയും കൂട്ടി ഞാന്‍ എങ്ങോട്ട് പോകും..ആലോചിക്കുമ്പോ ഖല്‍ബ് പിടയാ.."
 

"ഇങ്ങള് ഇങ്ങനെ ടെന്‍ഷന്‍ അടിക്കല്ലി, എല്ലാ പെണ്‍കുട്ടികള്‍ക്കും ജീവിതത്തില്‍ കിട്ടുന്ന സുഖമോ സൌകര്യങ്ങളോ നമുക്ക്‌ കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല അവര്‍ക്ക്‌, എന്നാല്‍ അവരുടെ കല്യാണമെങ്കിലും അന്തസ്സായി നടത്തി ആ കുറവ് പരിഹരിക്കാം എന്നല്ലേ ഇപ്പൊ കരുതേണ്ടത്.."
 

"എന്നാലും മമ്മതെ..."
"ഒരു എന്നാലും ഇല്ല, ഞാന്‍ അവര്‍ക്ക് വാക്ക് കൊടുക്കാന്‍ പോവാ.."  ചവച്ചുകൊണ്ടിരുന്ന മുറുക്കാന്‍ മുറ്റത്തെക്ക് നീട്ടി തുപ്പികൊണ്ടയാള്‍ പറഞ്ഞു.
ഹൃദയം വിങ്ങുന്ന വേദനയാലയാള്‍ തലയാട്ടി ..
 

"ന്നാ പിന്നെ ഞാനിറങ്ങട്ടെ..ഹും൦൦..അപ്പൊ പറഞ്ഞ പോലെ..ഹേ ഇങ്ങള് വിഷമിക്കാതിരിക്കി എല്ലാം ശെരിയാകും."
കുട നിവര്‍ത്തിക്കൊണ്ടയാള്‍ പടിയിറങ്ങി. വയല്‍ വരമ്പിലൂടെ നടന്നു നീങ്ങി. അയാള്‍ നടന്നു മറയുന്നതും നോക്കി സൈതാലിക്ക ഇരുന്നു.
 

"ബാപ്പാ..."
ഖദീജയാണ്..അവളുടെ കണ്ണിലും കണ്ണുനീര്‍ തടംകെട്ടി നിന്നിരുന്നു.
 

അയാള്‍ പതിയെ തല ഉയര്‍ത്തി നോക്കി.
 

"ആകെയുള്ള ഇ വീടും സ്ഥലവും കൊടുത്തിട്ട് എന്തിനാ ബാപ്പാ എനിക്ക് മാത്രം ഒരു ജീവിതം.." അവള്‍ വിതുമ്പി.
 

"നീയെല്ലാം കേട്ടോ അപ്പൊ.. " എത്ര ശ്രമിച്ചിട്ടും സങ്കടം സഹിക്കാനാവാതെ വിതുമ്പിക്കൊണ്ടയാള്‍ തുടര്‍ന്നു.. " മോളെ ..നീ അതൊന്നും ആലോചിക്കേണ്ട ഇപ്പൊ..നിനക്ക് വേണ്ടി ഇതെങ്കിലും ചെയ്തില്ലെങ്കി പിന്നെ എന്തിനാ ഇങ്ങനെയൊരു ബാപ്പ"
 

അവളിലെ ദുഖം അണപൊട്ടിയപ്പോ കരഞ്ഞുകൊണ്ടവള്‍ അകത്തേക്കോടി.
  

അയാള്‍ ചാരുകസേരയില്‍ ചലനമറ്റു കിടന്നു. സമയം ഇഴഞ്ഞു നീങ്ങി.
വൈകുന്നേര സൂര്യന്‍റെ ഇളം ചൂടുള്ള കിരണങ്ങള്‍ വയലിനെ തലോടവേ അവ നാണത്താല്‍ മിഴിയടച്ചുനിന്നു.
 

അയാളുടെ മനസ്സിലെ അലയടിക്കുന്ന കടല്‍ അപ്പോഴും ശാന്തമായില്ലായിരുന്നു. എന്തോ തീരുമാനിച്ചുറപ്പിച്ച മട്ടില്‍ അയാള്‍ എഴുന്നേറ്റു. വസ്ത്രം മാറി എന്തൊക്കെയോ കടലാസുകള്‍ എടുത്ത് ബാങ്ക് ലക്ഷ്യമാക്കി നടന്നു..
 

വയല്‍ വരമ്പിലൂടെ നടന്നു നീങ്ങുന്ന ബാപ്പയെ കണ്ണുനീര്‍ ചാലിട്ട മിഴിയാല്‍ ഖദീജ നോക്കിനിന്നു.
 

അപ്പോഴും വീടിന്റെ അകത്തളത് നിന്നും ഒരു വിതുമ്പല്‍ കേള്‍ക്കാമായിരുന്നു.. കല്യാണം കഴിഞ്ഞു ഒരു വര്‍ഷം കഴിയവേ  സ്ത്രീധന തുക പറഞ്ഞത്‌ മുഴുവനും കിട്ടിയില്ലെന്ന പേരില്‍ ഭര്‍തൃ വീട്ടില്‍നിന്നും പുറംതള്ളിയ മൂത്തമകള്‍ നഫീസയുടെ കരച്ചില്‍. അവളുടെ കുഞ്ഞു അപ്പോഴും കളിക്കുകയാണ്,  പുര നിറഞ്ഞു നില്‍കുന്ന കണ്ണുനീര്‍ സാഗരം അറിയാതെ, മുതിരുമ്പോള്‍ എനിക്ക് പറയാന്‍ ഒരു ബാപ്പ ഇല്ല എന്ന സത്യമറിയാതെ...
 

അവളുടെ കരച്ചില്‍ ആ കൊച്ചു വീടിന്റെ ചുവരുകളില്‍ തട്ടി മൗനമായ്‌ മുഴങ്ങികൊണ്ടിരുന്നു...
************* **************** *******************
സ്ത്രീയാണ് ഏറ്റവും വലിയ ധനം എന്ന് മനസ്സിലാക്കാത്ത ഇന്നിന്‍റെ ലോകത്ത് സ്ത്രീ വെറും വില്‍പന ചരക്കാണ്..

 (ഫോട്ടോ ഗൂഗിള്‍ അമ്മച്ചി തന്നതാണെ..)

1.09.2012

മരിച്ചുകൊണ്ടിരിക്കുന്ന മാപ്പിളപ്പാട്ടുകള്‍


മാപ്പിളപ്പാട്ടുകള്‍ മരിച്ചുകൊണ്ടിരിക്കുകയാണ് . മാപ്പിളപ്പാട്ടെന്ന കാവ്യ ഗോപുരത്തെ തകര്‍ത്തു തരിപ്പണമാക്കും വിദമുള്ള പാട്ടുകളാണിന്ന് ഇറങ്ങുന്നത്  .  അല്പം മാപ്പിള പദങ്ങള്‍ അവിടെയിവിടെ ചേര്‍ത്ത് വെച്ച് അവ തിരിച്ചും മറിച്ചും താളത്തിനൊത്ത് ഉപയോഗിച് കലയെ കൊല്ലുന്നതരത്തിലുള്ള ഈരടികലാണ് ഇന്നത്തെ മാപ്പിളപ്പാട്ടുകള്‍ .

ശൃംഗാരവും  പ്രേമവും അത് കാവ്യമാകുമ്പോള്‍ കേള്‍ക്കാന്‍ ഇമ്പം തന്നെയാണ്, പക്ഷെ ഇന്നത്തെ മാപ്പിളപ്പാട്ടുകള്‍ ഇതിന്‍റെയെല്ലാം അതിര്‍വരമ്പുകള്‍ കടക്കുന്നു . പൊതു സ്ഥലങ്ങളില്‍ പ്രത്യേകിച്ച് ബസ്സിലോക്കെ യാത്രചെയ്യുമ്പോള്‍ കേള്‍ക്കുന്ന മാപ്പിളപ്പാട്ടുകള്‍ , പെണ്ണിന്‍റെ സൌന്ദര്യം വര്‍ണ്ണനയില്‍ കുളിപ്പിച്ച് അശ്ലീലത്തിന്‍റെ അതിര്‍ വരമ്പുകള്‍ കടക്കുമ്പോള്‍ , നീരസം തോന്നിയാലും അത് കേള്‍ക്കാന്‍ നാം നിര്‍ബന്ധിതരാകുന്നു .
 

മാപ്പിളപ്പാട്ട് എന്താണെന്നോ അതിന്‍റെ ഉറവിടം എന്താണെന്നോ അറിയാത്ത ചില പുത്തന്‍ ഗാനരജയിതാക്കള്‍ യുവ ഹൃദയങ്ങളെ വശ്യതയാര്‍ന്ന പ്രണയ വരികള്‍കൊണ്ട് പുളകമണിയിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് പാട്ടുകളിറക്കുന്നത്.  തലക്കെട്ടായി ചില അറബി പദങ്ങള്‍ വെച്ച് അര്‍ത്ഥശൂന്യമായ വര്‍ത്തമാനത്തെ അടിപൊളി മ്യൂസിക്കിന്‍റെ അകമ്പടിയോടെ വരികളാക്കി മാപ്പിളപ്പാട്ടെന്ന ലേബലില്‍ മാര്‍കറ്റിലിറക്കുന്നു ഇവര്‍ .
 

ത്യാഗ സ്മരണകളും പോരാട്ട വീര്യങ്ങളും ഉള്‍ക്കൊള്ളിചാവിഷ്കരിക്കുന്ന  പഴയകാല മാപ്പിളപ്പാട്ടുകള്‍ക്ക് തനിമയുടെ  അന്നത്തെ ജീവിതത്തിന്‍റെ സുഗന്ധമുണ്ടായിരുന്നു.  സുഖ ദുഃഖങ്ങളിലെ ഉണര്‍ത്തുപാട്ടയും ജീവിത ശൈലിയുടെ വായ്പാട്ടായും അവര്‍ മാപ്പിളപ്പാട്ടിനെ മാറ്റി . അധിനിവേശത്തെ തുരത്തിയ പാരമ്പര്യമാണ് മാപ്പിളപ്പാട്ടുകല്‍കുള്ളത് .   


സൈനുദ്ധീന്‍ മഖ്ദൂം ഒന്നാമന്‍ സാമൂതിരിയുടെ കീഴില്‍ ജനങ്ങളെ സംഘടിപ്പിക്കാനും അവര്‍ക്ക്‌ പോരാട്ട വീര്യം  പകരാനും  തിരഞ്ഞെടുത്തതും മാപ്പിളപ്പാട്ടുകളാ യിരുന്നു .


മാപ്പിള കവി ഇതിഹാസം മോയിന്‍കുട്ടി വൈദ്യരും തൂലിക ചലിപ്പിച്ചത് ഇ പാതയില്‍ കൂടി തന്നെ.
പോരാട്ട തുടിപ്പുകള്‍ക്ക് ആളിക്കതുന്നോരഗ്നിയായ് ചൂടുപകരാന്‍ വൈദ്യരുടെ പ്രശസ്തമായ ബദര്‍പടപ്പാട്ടുകള്‍ക്ക് കഴിയുന്നു . ജന ഹൃദയങ്ങളെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച മാപ്പിള കാവ്യവും ഒരുപക്ഷെ ബദര്‍പടപ്പാട്ട് തന്നെയാകും . 



അക്രമങ്ങള്‍ക്കും അധിനിവേഷതിനുമെതിരെ വാളൂരാനുള്ള ഊര്‍ജം നല്‍കുന്ന വരികളാണ് ഇവരൊക്കെ സൃഷ്ടിച്ചത് .
പക്ഷെ വികലമായ ചില കൊഞ്ചിക്കുഴയലുകള്‍ മാത്രമാണ് ഇന്നത്തെ മാപ്പിളപ്പാട്ടുകള്‍ .  പഴമയുടെ സൗന്ദര്യമോ ചരിത്രമോ സന്ദേശമോ ഇന്നത്തെ പാട്ടുകള്‍ക്കില്ല,   ഉള്ളത് സ്ത്രീ ശരീരത്തിന്‍റെ സൗന്ദര്യ വര്‍ണനകള്‍ മാത്രം .  ഖല്‍ബാണ് ഫാത്തിമ , അഴകാണ് നഫീസ , തേനാണ് പാലാണ് ഹാജറ തുടങ്ങി മുസ്ലിം സ്ത്രീ നാമങ്ങള്‍ ടൈറ്റിലായി ദിവസവും പാട്ടുകളിറങ്ങുമ്പോള്‍ ഇവ തനത് മാപ്പിളപ്പാട്ടുകള്‍ക്ക് ചരമഗീതം പാടുന്നു  .
 

മതത്തിന്‍റെ ചട്ടക്കൂടിനകത്ത് ഒതുങ്ങിയതായിരുന്നു  പഴയകാല മാപ്പിളപ്പാട്ടുകള്‍ ഏറെയും .  ദൈവ ഭക്തിയുടെയും , സ്നേഹത്തിന്റെയും , സാഹോദര്യത്തിന്റെയും സന്ദേശമായിരുന്നു അവയിലധികവും . എങ്കിലും അവയില്‍ ശൃംഗാരവും പ്രണയവുമെല്ലാം ഉണ്ടായിരുന്നു . പ്രശസ്തമായ കത്ത് പാട്ടുകള്‍ തന്നെ ഉദാഹരണം . വിരഹ വേദന അനുഭവിക്കുന്ന ദാമ്പത്യ ജീവിതത്തിന്‍റെ പച്ചയായ ആവിഷ്കാരമാണ് ആ വരികളില്‍ . അതുകൊണ്ടുതന്നെ         " ഖല്‍ബിന്നുള്ളില്‍  നീയാണ് "  രണ്ടു തവണ പാടി  ഒരുപക്ഷെ നമ്മള്‍ മറന്നേക്കാം  എന്നാല്‍ ഇത്തരം പാട്ടുകള്‍ മലയാളിയുടെ ചുണ്ടുകളില്‍ ഇപ്പോഴും നിലനില്‍കുന്നു .
 

മാപ്പിളപ്പാട്ടെന്നാല്‍ സ്ത്രീ ശരീരവും അവളുടെ സൗന്ദര്യവും മാത്രമാണിന്ന് .  ശൃംഗാര൦ കുത്തിനിറച്ച് സ്നേഹം തുളുമ്പുന്ന വരികളിലാണ് ഇന്നത്തെ യുവത്വം സായൂജ്യമടയുന്നത് , അതറിയുന്നവര്‍ മാപ്പിളപ്പാട്ടിനെ ബിസിനസ്സാക്കി ലാഭം കൊയ്യുന്നു .


മാപ്പിളപ്പാട്ട് അലങ്കോലതിന്‍റെയും അര്‍ത്ഥശൂന്യതയുടെയും മറ്റൊരു തലത്തിലേക്ക് ചുവടുറപ്പിച്ചു കഴിഞ്ഞിരിക്കുന്നു ..ഇനിയൊരു തിരിച്ചു വരവ് അസാധ്യം തന്നെ ...

1.06.2012

എപ്പിസോഡുകള്‍

      എപ്പിസോഡ് 360
കണ്ണീരില്‍ കുളിച്ച ജീവിത പ്രയാസങ്ങള്‍കൊടുവില്‍  നായിക ആത്മഹത്യ ചെയ്തു . എപ്പിസോഡ്  361 കാത്തുനില്കാതെ പ്രേക്ഷകയും ആ വഴി തിരഞ്ഞെടുത്തു .
  
എപ്പിസോഡ്  362 ആകുന്നതിനു മുന്‍പേ പ്രേക്ഷകയുടെ മരണാനന്തര ചടങ്ങുകളും കഴിഞ്ഞു
എപ്പിസോഡ്  365 ആയിട്ടും നായികയുടെ ശവദാഹതിനുള്ള തെയ്യാറെടുപ്പുകള്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു .
 
എപ്പിസോഡ് 370  ആയപ്പോള്‍ നായിക കരാര്‍ അവസാനിപിച്ചു പ്രതിഫലം കൈപറ്റി
 
അപ്പോഴും എപ്പിസോടുകള്‍ ഇല്ലാത്ത ലോകത്ത്‌ മുന്‍പ്രേക്ഷക നായികയെ തിരയുകയായിരുന്നു

1.05.2012

ഒരു ബസ്‌ യാത്ര


"നാളെ ഒന്ന് നേരത്തെ എണീറ്റൊണ്ടി, പോകാനുള്ള കാര്യം മറക്കണ്ട"

തലേ ദിവസത്തെ ഉമ്മയുടെ ഇ വാക്കുകള്‍ കാരണമാണ് ഇന്ന് പതിവിലും നേരത്തെ എണീറ്റത് . പല്ല് തേപ്പ് കുളി എന്നിങ്ങനെയുള്ള കലാപരിപാടികളൊക്കെ തീര്‍ത്തു അടുക്കളയിലേക്കു ചെന്നു.  പതിവുപോലെ കൃത്യ സമയത്ത് തന്നെ അടുക്കളസാമ്രാജ്യം തുറന്നു ഉമ്മ തന്റെ പരിപാടികള്‍ തുടങ്ങിയിട്ടുണ്ട് .

 " ഇത്ര നേരത്തെ തന്നെ എണീറ്റോ?" എന്ന മുഖഭാവത്തോടെ ഉമ്മ എന്നെയൊന്നു നോക്കി . "അതെ " എന്ന തെല്ലഭിമാനതോടെയുള്ള ഒരു നോട്ടം ഞാനും.   

"ചായ  ആയിക്കണെങ്കി തരീം "  എന്റെ എളിയ റിക്വസ്റ്റ് ! .   വയ്കാതെ തന്നെ കിട്ടി , അസ്സലൊരു ചായ . ചായ കുടിച്ചു കൊയാലയിലേക്ക് പോയി നിലത്ത് കിടന്ന പത്രമെടുത്ത് നിവര്‍ത്തി .  നല്ല മണമുണ്ട് ആ പുതിയ പേജുകള്‍ക്ക് പക്ഷെ അതിനുള്ളിലെ വാര്‍ത്തകള്‍ക്ക് ആ നല്ല മണം കണ്ടില്ല . പതിവുപോലെ തന്നെ , കൊല കവര്‍ച്ച പീഡനം അങ്ങനെ പോകുന്നു ..വായിക്കാന്‍ നിന്നില്ല അതവിടെ ഒരു മൂലയില്‍ വലിച്ചെറിഞ്ഞു .

ഞാന്‍ മുറ്റത്തെക്കും നോക്കി ഇരുന്നു .വെയിലിന്റെ ചെറു കിരണങ്ങള്‍ ഉണ്ടായിരുന്നു മുറ്റത്ത്‌. അന്തരീക്ഷമാകെ ചെറുകിളികളുടെ സംഗീതവും .


" ഞ്ഞി കിനാവും കണ്ടു നിക്കണ്ട ബേഗം പോവാന്‍ നോക്ക് " ഉമ്മാന്റെ ഓര്‍ടറാണ്‌ ഫ്രം അടുക്കള !!  പിന്നെ താമസിച്ചില്ല ,റൂമില്‍ വന്നു അലമാര വലിച്ചു തുറന്നു അലമാരയ്ക്കകത്തു " എന്നെയെങ്ങാനും ഇ പഹയന്‍ വലിച്ചു കെറ്റുമോ " എന്നഭാവത്തോടെ എന്നെ നോക്കി കുറച്ചു പാന്റ്സും ഷര്‍ട്ടും .അവയില്‍ ഒരു മോന്‍ജനെ എടുത്തു വലിച്ചു കയറ്റി . ഇനിയാണ് ശരിക്കുമുള്ള പ്രയത്നം !  കണ്ണാടിക്കു മുന്നില്‍ പോയിനിന്നുള്ള പ്രകടനങ്ങള്‍ ! മുടി ചീകി ചീകി ഒടുവില്‍ കണ്ണാടിയും മുടിയും ഒരുമിച്ചു പറഞ്ഞു " ഒന്ന് നിര്‍ത്തെടാ പുല്ലേ"  സോറി ,അതെനിക്ക് തോന്നിയതാണ് .. ചിലപ്പോ അവരങ്ങനെ പറഞ്ഞിട്ടുണ്ടാകും , അവര്‍ക്കെന്തു സൌന്ദര്യ ബോധം!  ഒരുവിധം മോഞ്ജനായി എന്ന് എനിക്ക് തന്നെ തോന്നിയപ്പോ കണ്ണാടി വിട്ടു . ഉമ്മയോട് സലാം പറഞ്ഞു യാത്രയിറങ്ങി ..


കുണ്ടും കുഴിയും നിറഞ്ഞ, സോറി , കിണറുകളും അരുവികളും നിറഞ്ഞ റോഡിലൂടെ ചാടി ചാടി ഇ വിനീതന്‍ നടന്നു . ഒരുവിധം കവലയിലെത്തി . " ഇവനിതെങ്ങോട്ടാ രാവിലെതന്നെ അണിഞ്ഞൊരുങ്ങി പോകുന്നത് " എന്ന മട്ടില്‍ ചിലരൊക്കെ നോക്കുന്നുണ്ട്. എല്ലാര്‍ക്കും ഒരു 60,65 ഡിഗ്രി ചിരി പാസ്സാക്കി ഞാന്‍ ബസ്‌ സ്റ്റോപ്പില്‍ നിന്നു.   ഹ! എങ്ങോട്ടാണ് പോകുന്നതെന്ന് പറഞ്ഞില്ലാലോ , എന്റെ പ്രിയ മാതാവിന്‍റെ സ്വഗ്രഹതിലേക്ക് തന്നെ !


സമയം ഇഴഞ്ഞു നീങ്ങി .റോഡിന്‍റെ വിദൂരതയിലെക്കും പിന്നെ വാചിലെക്കും എന്റെ കണ്ണുകള്‍ മാറി മാറി നോക്കി . അവസാനം അവന്‍ വന്നു ! എനിക്കുള്ള ബസ്സ്‌!  .. ഓരോ കുണ്ടും വണ്ടിക്കുള്ളതാണ് എന്ന മട്ടില്‍ ഡ്രൈവര്‍ എല്ലാ കുണ്ടിലും ബസ്സ്‌ കയറ്റിയിറക്കി എന്റെ അടുത്ത കൊണ്ട് വന്നു നിര്‍ത്തി . ഞാന്‍ ചാടിക്കയറി ..ആ കിളിക്ക് ഫയങ്ങര തിടുക്കം!! .. അങ്ങാടിയില്‍ കണ്ടതിനേക്കാള്‍ കൂടുതല്‍ ആളുകളുണ്ട് ബസ്സില്‍ ..അപ്പോഴാണ്‌ എനിക്കൊരു കാര്യം തെളിഞ്ഞത് , ഇവരെല്ലാം എന്നേക്കാള്‍ മുന്പേ എനീട്ടിട്ടുണ്ടാകണം .. ഹോ ഇവരെ സമ്മതിക്കണം ! രാവിലെ ഞാന്‍ എണീക്കാന്‍ പെടുന്ന പാട്!


ടിക്കറ്റെടുത്ത് ഒരു മൂലയില്‍ പോയിരുന്നു ഞാന്‍ .  നിറം മങ്ങിയ പുറത്തെ കാഴ്ചകളും നിറം മങ്ങാത്ത ഓടയിലെ അഴുക്ക് വെള്ളത്തിന്റെ ഗന്ധവും എല്ലാം അറിഞ്ഞു ഞാനും, റോഡിന്‍റെ കുഴികളുടെ താളത്തിനനുസരിച്ച് ബസ്സും ദൈവത്തിന്റെ സ്വന്തം നാടിന്‍റെ നെറ്കയിലൂടെ നീങ്ങി .


അപ്പോഴാണ്‌ എന്റെ സീറ്റിന്റെ ഒരു   3, 4 സീറ്റ്‌ അപ്പുറമുള്ള ഒരാള്‍ എഴുന്നേറ്റു കണ്ടക്ടറോഡു  എന്തോ ചോദിക്കുന്നത് കണ്ടത് . കണ്ടക്ടര്‍ അതിനു മറുപടി പറഞ്ഞോ എന്നറിയില്ല , അയാള്‍ തിരക്കിട്ട ജോലിയില്‍ ആയിരുന്നു . രണ്ടു മൂന്നു തവണ ഇത് ആവര്‍ത്തിച്ചു . പിന്നെ കുറച്ചു നേരത്തെ നിശബ്ദതയ്ക്ക് ശേഷം അയാള്‍ ചാടി എണീറ്റു..! സ്വന്തം പോസ്റ്റിലേക്ക് ഗോള്‍ വീണ ടീമിന്റെ കോച്ചിനെ പോലെ അയാള്‍ കൈ കൊണ്ടും മുഖം കൊണ്ടും എന്തൊക്കെയോ കോപ്രായങ്ങള്‍ കാട്ടുന്നുണ്ട്.. കാര്യമെന്തന്നറിയാതെ ഞാന്‍ അയാളെ തന്നെ നോക്കി .


" കൊറേ ആയി ഞമ്മള് ശമിക്ക്നു .. തച്ചു അന്‍റെ മോന്തന്റെ ശയ്പ്പ്‌ ഞമ്മള് മാറ്റും.. കേട്ടോടാ $%$#*()#@#@#$%%^^$##^ "

കണ്ടക്ടറും വിട്ടില്ല , ഇതൊക്കെ കുറെ കണ്ടതാ എന്ന മട്ടില്‍ അയാളും " ഒന്ന് പോടാ $#*()#@#@#$%%^^$# "

ഞാന്‍ കിട്ടിയ കമ്പിയില്‍ മുറുകെ പിടിച്ചിരുന്നു !  താങ്ങാന്‍ എനിക്ക് ആമ്പിയര്‍ ഇല്ല എന്നത് തന്നെ കാരണം! എന്‍റെ  ഇ ശരീര പ്രകൃതി കാരണം ഞാന്‍ ചിലപ്പോ തെറിച്ചു വീണേക്കാം! അത്രയ്ക്ക് കഠിനമായ ബോംബുകളാണ് പൊട്ടുന്നത് !  ബേജാറാവാന്‍ വേറെ എവിടെയെങ്കിലും പോണോ!!


കാര്യമുള്ളത്തിനും ഇല്ലാതതിന്നും തമ്മില്‍ തല്ലുന്ന മലയാളികളും, ആവശ്യമുള്ളിടതും ഇല്ലാത്തിടത്തും വെറുതെ കയറി അഭിപ്രായം പറയുന്ന മലയാളികളെയും ആ ബസ്സിനുള്ളില്‍ ഞാന്‍ കണ്ടു . വാക്പ്രയോഗങ്ങള്‍ക്ക് അടിവരയിട്ടുകൊണ്ട് കണ്ടക്ടര്‍അദ്ദേഹം അടി പിടിക്കു തുടക്കം കുറിച്ചു.   ആകെ  ജഹ  പോഹ !  എനിക്കു ചിരി വന്നു  പക്ഷെ ചിരിച്ചില്ല, അഥവാ കമ്പിയിലെ പിടിയെങ്ങാനും വിട്ടുപോയാലോ ..  .. ഞാന്‍ ആരാ മോന്‍!


എന്‍റെ അടുതിരിക്കുന്നവര്‍ ഇ അടിയും പിടിയും കണ്ടു കാര്യമെന്തന്നറിയാതെ ഭയങ്കരര ചര്‍ച്ചയിലാണ് മുന്നിലിരിക്കുന്ന സ്ത്രീകളും അതെ .

അതുപിന്നെ ബസ്സിനുള്ളിലെ ഒരു ആഗോള പ്രശ്നമായിമാറി . ഇതിനിടയില്‍ എനിക്ക് ഇറങ്ങാനുള്ള സ്ഥലമെത്തി ,അപ്പോഴും ഇ അടിപിടിയുടെ കാരണം എനിക്ക് മനസ്സിലായില്ലായിരുന്നു .

ഇത്രമാത്രം കൊലാഹനം ഉണ്ടാക്കാന്‍ ഇവിടെ എന്ത് സംഭവിച്ചു ?

അറിയാനുള്ള ആഗ്രഹം അതിരുകടന്നപോ ഇറങ്ങുന്നതിനു മുന്‍പ്‌  കുറച്ചു മുന്‍പോട്ടു പോയി ഒരാളുടെ ചെവിയില്‍ ചോദിച്ചു ,

 " എന്താ ചേട്ടാ പ്രശ്നം"   അയാള് പറഞ്ഞു " 50  പൈസ ബാക്കി കോ ടുക്കാത്തതിനാ അങ്ങേരു കലിപ്പുണ്ടാക്കിയത്..."  കലികാലം !


ബസ്സിറങ്ങി നടക്കുമ്പോ എന്‍റെ വട്ടു മനസ്സിന്‍റെ പോട്ടചിന്തയില്‍ മിന്നിയത് ഒരു കാര്യമായിരുന്നു ,

   ഇവിടെ കണ്ടത്‌ ആര്‍ക്കും വിലയില്ലാത്ത , യാചകരുപോലും  വാങ്ങിക്കില്ല എന്ന് നമ്മളൊക്കെ പറയുന്ന അവഹേളിക്കുന്ന    50   പൈസയ്ക്കുള്ള വിലയോ അതോ എന്തിനും ഏതിനും ശബ്ദം ഉയര്‍ത്തുന്ന , പ്രതികരിക്കുന്ന മലയാളി സ്വഭാവത്തെയോ ... ആ !!